Tuesday, March 3, 2020

മഴയുടെ സങ്കീർത്തനം

മഴയുടെ സങ്കീർത്തനം
*****************************
മയക്കത്തിൽ നിന്നുണർന്നപ്പോൾ മഴചാറിത്തുടങ്ങിയിരുന്നു. പതുക്കെ അത് കനത്തു. കുറേ നേരം മഴ കണ്ടാസ്വദിച്ച ശേഷം അകത്തുകയറി മഴയനുഭവം കുറിച്ചു വെച്ചു. പുറത്ത് മഴപെയ്തു കൊണ്ടിരിക്കുക തന്നെയായിരുന്നു എന്ന് ഞാനറിഞ്ഞില്ല.
പെയ്ത മഴയുണർത്തിയ  ആമോദത്തിലാ യിരുന്നു ഞാൻ. എട്ടുമണിയോടെ കറന്റു പോയി. ഞാൻ വീണ്ടും വരാന്തയിലേക്ക് പോന്നു. അപ്പോഴാണറിയുന്നത് മഴ തിമർത്ത് പെയ്യുകതന്നെയാണ്. ഇരുട്ടിൽ ഇടക്കിടെ തെളിയുന്ന മിന്നലും അതുയർത്തുന്ന ഇടി നാദവും വീശിയടിക്കുന്നകാറ്റും അനുഭവിച്ചാസ്വദിച്ചു കൊണ്ടൊരു പാടു നേരം ഞാൻ പുറത്തിരുന്നു. ഇരുളിൽ എനിക്കെന്റെ മരങ്ങളെ കാണാം. മണിക്കൂറുകൾക്ക് മുമ്പ് ഉണങ്ങി നശിച്ചു പോയേക്കുമോ എന്ന ഭയത്താൽ ഞാൻ മഴക്കായി പ്രാർത്ഥിച്ച എന്റെ മരങ്ങൾ..നിശ്ശബ്ദം അവ തങ്ങളുടെ നാഥനെ പ്രകീർത്തിക്കുന്ന സങ്കീർത്തനങ്ങളെനിക്കു കേൾക്കാം. നാം പൊട്ടിച്ചു തകർക്കുന്ന പാറകളും ഇടിച്ചു നിരത്തുന്ന മലകളും മണൽ കോരി ഒഴിവാക്കുന്ന നദികളും തങ്ങളുടെ നാഥനെ അവയുടെ ഭാഷയിൽ പ്രകീർത്തിക്കുന്നുണ്ട്.
നിങ്ങൾ കേട്ടിട്ടുണ്ടോ പ്രകൃതിയുടെ സങ്കീർത്തനങ്ങൾ ?.  പക്ഷിമൃഗാദികളിലൂടെ വൃക്ഷ ലതാദികളിലൂടെ പ്രകൃതി ഉയർത്തുന്ന സങ്കീർത്തനങ്ങൾ. ഇല്ലെങ്കിൽ പ്രകൃതിയെ നിങ്ങൾ സ്നേഹിച്ചു തുടങ്ങുക. അതിനോട് സല്ലപിക്കുക. പതുക്കെ അവയുടെ ഭാഷ നിങ്ങൾക്ക് വശമാകും... വശമായിക്കഴിഞ്ഞാൽ  അവയുടെ സങ്കീർത്തനങ്ങളും നിങ്ങൾക്ക് കേൾക്കുമാറാകും.....
പ്രപഞ്ചത്തിന്റെ നിലനില്പിന്നാധാരമായ പ്രകൃതിയുടെ സംഗീതം. മനുഷ്യൻ പാടേ മറന്നു പോയ മൗനസംഗീതം. ഒരുനാൾ മനുഷ്യന്റെ ദുരകൊണ്ടത് നിലക്കും. അന്ന് പ്രപഞ്ചം നിശ്ചലമാവുകയും ചെയ്യും...

വേനൽ മഴ    
***************
അസർ നമസ്കാരം കഴിഞ്ഞ ശേഷം അയാൾ പുറത്തെ വരാന്തയിലെത്തി. അവിടെയിട്ട കശേരയിൽ കാൽ രണ്ടും അരത്തിണ്ണയിലേക്ക് കയറ്റി വെച്ച് പിറകോട്ട് ചാഞ്ഞിരുന്നുകൊണ്ട് പുറത്തേക്ക് നോക്കി. ഗ്രാമം തപിച്ചുരുകു കയാണ്.കത്തി നിൽകുന്ന ആകാശം. കാറ്റ് പേരിനു പോലുമില്ല. സിമന്റു കട്ടകളൊന്നും പതിച്ച് ചേലാക്കിയിട്ടില്ലെങ്കിലും മിറ്റത്തുനിന്നും ചൂട് കുമു കുമാ വരാന്തയിലേക്ക് അടിച്ച് കയറുന്നു.എന്നിട്ടും അയാൾക്ക് അകത്തുകയറാൻ തോന്നിയില്ല. നിരന്തരമായ പ്രകൃതിചൂഷണത്തിന്റെ ശിക്ഷ മനുഷ്യൻ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു എന്നോർത്തുകൊണ്ട് അവിടെത്തന്നെ കിടന്നു. താൻ ജീവനെപ്പോലെ കരുതി നട്ടു വളർത്തുന്ന മരങ്ങൾ വാടിത്തുടങ്ങി. മൂന്നുവർഷം മുമ്പ് മാത്രം നട്ട തന്റെ നെല്ലിമരം ഇല മുഴുവൻ പൊഴിച്ചു കളഞ്ഞിരിക്കുന്നു. വാടി നിൽകുന്ന മരങ്ങൾ അയാളെ ഖിന്നനാക്കി. കൂടാതെ കുടിവെള്ളം മുട്ടിപ്പോകുമോ എന്ന ഭയവും. കുടിക്കാൻ തന്നെ വെള്ളം തികയാത്തേടത്ത് എങ്ങനെ മരങ്ങൾ നനച്ച് പിടിപ്പിക്കും. പുറത്ത് ഓങ്ങല്ലൂരിലേക്കും കാരക്കാട്ടേക്കും പാഞ്ഞുകൊണ്ടിരിക്കുന്ന വാഹനങ്ങളുടെ നിര. ദിവസം രണ്ടു തവണ കിഴക്കോട്ടും പടിഞ്ഞാറോട്ടും പോകാറുളള ഇട്ടേകോടന്റെ ആട്ടിൻ കൂട്ടം ഇന്നത്തെ മേച്ചിൽ കഴിഞ്ഞ് പടിഞ്ഞാട്ട് മടങ്ങിപ്പോകുന്നു. പലേടങ്ങളിലും വേനൽ മഴ കിട്ടിയതായി കേട്ടിരുന്നു.പ്രതീക്ഷയോടെ  അയാൾ മാനത്തേക്ക് കണ്ണയച്ചു. അടുത്തൊന്നും ഇങ്ങോട്ട് അലോട്ട്മെന്റുളള ലക്ഷണമില്ല. ഈ സ്ഥിതി കുറേ ദിവസങ്ങൾ കൂടി തുടർന്നാലത്തെ കാര്യം ഓർത്തപ്പോൾ അയാളുടെ മനസ്സ് പ്രാർത്ഥനാ നിർഭരമായി.  വന്ധ്യ മേഘങ്ങൾപോലും ചുരത്താൻ കഴിവുളള നാഥാ ഒരു കുളിർ മാരിതന്ന് നീ ഞങ്ങളെ അനുഗ്രഹിക്കണേ... ഞാങ്ങൾ പാപികളെങ്കിലും നിന്റെ മരങ്ങളേയും പക്ഷിമൃഗാദികളേയും നിഷ്കളങ്കരായ മനുഷ്യ മക്കളേയും ഓർത്തെങ്കിലും......
ദൂരെയെങ്ങോ കരയുന്നു കാക്കകളുടേയും ഒരു കുയിലിന്റേയും ശബ്ദമാസ്വദിച്ചു കൊണ്ടിരിക്കേ അയാളുടെ കണ്ണുകളിലേക്ക് നിദ്ര ചേക്കേറി. പ്രാർത്ഥനയുടെ പൂർത്തീകരണം പോലെ കിഴക്കൻ ചക്രവാളത്തിലൊരു മേഘക്കിറ് പ്രത്യക്ഷപ്പെട്ടതും അതുമെല്ലെ വാനം മൂടിയതും അയാൾ കണ്ടില്ല. കളകളാരവം പൊഴിച്ചൊഴുകുന്ന ഒരു കാട്ടാറിന്റെ കരയിൽ നിൽകുന്ന തന്റെ പാദങ്ങളിലേക്ക് ആരോ ഒരു കൈകുടന്ന വെളളം കോരിക്കുടഞ്ഞ സ്വപ്നം അയാളെ ഉണർത്തി.
നോക്കിയപ്പോൾ അൽ ഹംദുലില്ലാ....
മഴ പെയ്തു കൊണ്ടിരിക്കുന്നു... മിന്നൽ  ഇടി വലിയകാറ്റ് പോലുളള പൊങ്ങച്ചങ്ങളേതു മില്ലാതെ..... അല്ലാഹുവിന്റെ അനുഗ്രഹം പെയ്തിറങ്ങുകയാണ്....

Monday, January 7, 2019

കൂടു പണിയുന്നവരോട്

വലിയൊരു വീടിന്റെ ചിത്രം അതിനു മുന്നിൽ നിൽക്കുന്ന ദമ്പതികൾ ചിത്രത്തിന്റെ കാപ്ഷൻ ഞങ്ങൾ പണിത് കൂട്....
കണ്ടപ്പോൾ എനിക്ക് തോന്നിയ അപേക്ഷയാണിത് സഹോദരന്മാരേ ദയവുചെയ്ത് കൂടു പണിയുന്ന കിളികളെ അപമാനിക്കരുത്.....
നിങ്ങൾക്ക് എത്ര വലിയ വീടും പണിയാം  ....
അത് നിങ്ങളുടെ സ്വാതന്ത്ര്യമാണ്‌. നേരായ മാർഗ്ഗത്തിൽ സമ്പാദിച്ച ധനമുണ്ടെങ്കിൽ വിശാലമായ വീടൊക്കെ ആവാം. അല്ലെങ്കിൽ ഇതൊന്നും ബാധകവുമല്ല. നിങ്ങൾ വലിയ വീട് പണിയുന്നതിന്ന് ആരും എതിരല്ല. പക്ഷേ ഒരെളിയ അപേക്ഷയുണ്ട് കൊട്ടാര സമാനമായ വീട്‌ പണിതിട്ട് അതിനെ ഫേസ് ബുക്കിൽ പോസ്റ്റ് ചെയ്ത്  എന്റെ കൂട് എന്നൊക്കെ പറഞ്ഞ് മിണ്ടാ പ്രാണികളെ അപമാനിക്കരുത്. കാരണം ഒരു ജീവിയും അവയുടെ ആവശ്യത്തിൽ കവിഞ്ഞ കൂട് പണിയുകയില്ല...
സർവ്വേശ്വരന്റെ തൃപ്തിയാണ്‌ ആഗ്രഹിക്കുന്നതെങ്കിൽ അവന്റെ പ്രവാചകൻ പറഞ്ഞത് ഓർക്കുക. മൂന്നാളുള്ള വീട്ടിലെ നാലാമത്തെ മുറി അതിഥിക്കുള്ളതാണ്‌ അഞ്ചാമത്തേത് പിശാചിനും. പിന്നെ മറ്റൊരു കാര്യം എത്ര മുറിയുള്ള വീട്‌പണിതാലും അതിലൊരു മുറിയേ ഒരാൾ‌ഉപയോഗിക്കൂ. എത്ര വലിയ മുറിയാണെങ്കിലും അതിലിട്ട ഒരു കട്ടിലിലേ അയാൾ അന്തിയുറങ്ങൂ. എത്ര വീതിയുള്ള കട്ടിലാണെങ്കിലും അതിൽ കഷ്ടി രണ്ടടി വീതിയേ അയാൾ ഉപയോഗിക്കൂ...
മഴയിൽ നിന്നും വെയിലിൽ നിന്നും തന്നെയും തന്റെ ഇണയേയും മക്കളേയും രക്ഷപ്പെടുത്താൻ ഓവു പാലങ്ങളിൽ അഭയാം പ്രാപിക്കുന്നവരും നമ്മെ പടച്ചവന്റെ സൃഷ്ടികൾ തന്നെയാണ്‌.

Tuesday, November 19, 2013

ഹദീസ് നിഷേധികളുടെ വഴി


അവര്‍ക്ക് സത്യ വാചകം ചൊല്ലേണ്ടതില്ല
സമയമോ രൂപമോ വ്യക്തമായി നിര്‍ണ്ണയിച്ചിട്ടില്ലാത്തതിനാല്‍ അവര്‍ക്കു നമസ്കരിക്കേണ്ടതില്ല
നോമ്പുനോറ്റ് ശരീരത്തെ പീഡിപ്പിക്കേണ്ടതില്ല...(അതന്നത്തെ അറബികള്‍ക്കുവേണ്ടിയായിരുന്നു.)
വരുമാനത്തിന്റെ നിര്‍ണിത അംശം സക്കാത്ത് നല്‍കേണ്ടതില്ല.
ക അബയും കിബ് ലയും ഇല്ല...അതിനാല്‍ ഹജ്ജും ഉംറയുമില്ല
അസ്സലാമു അലൈകും എന്നത് സലാമുന്‍ അലൈക്കുമെന്നാക്കുക എന്നതാകുന്നു പ്രഥമം
പിന്നെയുള്ളത് ഒരു പ്രത്യേകതരം ജിഹാദാകുന്നു. അതാകട്ടെ ഇസ്ലാമികനിയമങ്ങള്‍ക്കു വിധേയമായി അല്ലാഹുവിനെ അനുസരിച്ചുജീവിക്കുന്ന സത്യവിശ്വാസികളുടെ കുറ്റങ്ങള്‍ കണ്ടൂപിടിക്കുക എന്നതും അവരെ പരിഹസിക്കുക എന്നതുമാകുന്നു. ഇമാം ബുഖാരിയേയും മുസ്ലിമിനേയും പോലുള്ള പണ്ഢിതന്മാരെ അപഹസിക്കല്‍ ജിഹാദുല്‍ അക്ബറാകുന്നു...
يَا أَيُّهَا الَّذِينَ آمَنُوا لَا يَسْخَرْ قَوْمٌ مِّن قَوْمٍ عَسَىٰ أَن يَكُونُوا خَيْرًا مِّنْهُمْ
(സത്യവിശ്വാസികളേ, ഒരു ജനവിഭാഗം മറ്റൊരു ജനവിഭാഗത്തെ പരിഹസിക്കരുത്‌. ഇവര്‍ (പരിഹസിക്കപ്പെടുന്നവര്‍) അവരെക്കാള്‍ നല്ലവരായിരുന്നേക്കാം.)
അവര്‍ പറയുന്നു ഞങ്ങള്‍ ഖുര്‍ ആനില്‍ വിശ്വസിച്ചിരിക്കുന്നു എന്ന്.അതില്‍ മാത്രമേ വിശ്വസിക്കൂ എന്നും... എന്നാല്‍ ഖുര്‍ ആന്‍ ജീവിതത്തിലൂടെ പ്രയോഗിച്ച് കാണിച്ചുതന്ന പ്രവാചന്റെ ചര്യകളെ അവര്‍ പുച്ഛിച്ചുതള്ളുന്നു. എന്നിട്ടവര്‍ പറയുന്നു പ്രവാചകനെ ഞങ്ങള്‍ ആരെക്കാളും കൂടുതല്‍ സ്നേഹിക്കുന്നു എന്ന്. ഗര്‍ഭപാത്രം വാടക്കു കൊടുത്ത സ്ത്രീയുടേ തില്‍ കവിഞ്ഞ സ്ഥാനമൊന്നും അവര്‍ പ്രവാചകന്നു നല്കുന്നില്ല
وَمِنَ النَّاسِ مَن يَقُولُ آمَنَّا بِاللَّهِ وَبِالْيَوْمِ الْآخِرِ وَمَا هُم بِمُؤْمِنِينَ
(ഞങ്ങള്‍ അല്ലാഹുവിലും അന്ത്യദിനത്തിലും വിശ്വസിച്ചിരിക്കുന്നു എന്ന് പറയുന്ന ചില ആളുകളുണ്ട് ; (യഥാര്‍ത്ഥത്തില്‍) അവര്‍ വിശ്വാസികളല്ല.)
أَحَسِبَ النَّاسُ أَن يُتْرَكُوا أَن يَقُولُوا آمَنَّا
ഞങ്ങള്‍ ഖുര്‍ആനില്‍ വിശ്വസിച്ച ആളുകളാണ്‌എന്ന് പറഞ്ഞതുകൊണ്ടു മാത്രം ജീവിതത്തില്‍ ഒരു പരീക്ഷണത്തിന്നും വിധേയരാകാതെ തങ്ങള്‍ വിട്ടേക്കപ്പെടും എന്നവര്‍കരുതുന്നു. ഒരു പക്ഷേ അവര്‍ പുച്ഛിച്ചുതള്ളുന്ന നബിചര്യകളായിരിക്കാം തങ്ങള്‍ക്കുമേലുള്ള അല്ലാഹുവിന്റെ പരീക്ഷണം എന്നവര്‍ സംശയിക്കുന്നതുപോലുമില്ല. അവര്‍ക്കുറപ്പാണ്‌ തങ്ങളാണ്‌ നേര്‍വഴി പ്രാപിച്ചവരെന്നും ലോകമുസ്ലിം കളില്‍ മറ്റെല്ലാവരും വഴിപിഴച്ചവരാണ്‌‌ എന്നും..
എന്തു സംശയിക്കാന്‍ അല്ലാഹുവിന്റെ ഗ്രന്‍ഥത്തെ തങ്ങളുടെ തോന്നലുകള്‍ ക്കനുസരിച്ച് വ്യാഖ്യാനിക്കാന്‍ അവര്‍ക്കനുവാദം കിട്ടിയിട്ടുണ്ടല്ലോ..

16.02.12

Wednesday, August 21, 2013

റിസര്‍വ്ഡ് കമെന്റ്സ്

റിസര്‍വ്ഡ് കമെന്റ്സ്
ഞാന്‍  താങ്കളുടെ അഭിപ്രായത്തോട് പൂര്‍ണമായി വിയോജിക്കുന്നു എന്ന് ഭംഗ്യന്തരേണ പറയാന്‍  ഇംഗ്ലീഷുകാര്‍  ഉപയോഗിക്കുന്നഒരു ശൈലിയാണത്രേ ഐ റിസര്‍വ് മൈ കമന്റ് എന്നത്. അപരന്റെ അഭിപ്രായങ്ങള്‍  തീരെപിടിക്കാതാവുമ്പോള്‍  പണ്ട് മാന്യന്മാര്‍  പറഞ്ഞിരുന്ന “ഞാനിപ്പൊ ഒന്നും പറീണില്ല” എന്നപ്രയോഗവും ഇതുപോലെത്തന്നെ..
മറ്റെയാളെ വെറുപ്പിക്കാതെ തെന്റെ എതിര്‍പ്പ് പ്രകടിപ്പിക്കാന്‍  ഈ ശൈലി യുക്തമെന്നു തോന്നുന്നതിനാല്‍  എന്റെ ഈ കുറിപ്പുകള്‍ക്ക് ഞാന്‍  റിസര്‍വ്ഡ് കമന്റ്സ് എന്ന് പേരുനല്‍കുന്നു.
കുറേകാലമായി എന്റെ മനസ്സിലീ ആശയം കയറിക്കൂടിയിട്ട്. ഇന്നാവാം നാളെയാവാം എന്നുകരുതി നീണ്ടുപോയി. ഇനിയും നീട്ടിക്കൂടാ ഇനിയെത്ര നാളെകള്‍ബാക്കിനില്‍ക്കുന്നു എന്നാര്‍ക്കറിയാം. നേരം വെളുത്താല്‍ പിന്നെ മോന്തിയാകുവോളം ഇടപെടുന്ന കാര്യങ്ങളില്‍  ഭൂരിഭാഗവും യോജിക്കാന്‍  കഴിയാത്തവയാവുകയും ആവിയോജിപ്പ് പ്രകടിപ്പിക്കാന്‍  മറ്റു മര്‍ഗമൊന്നും കാണാതെ വരികയും ചെയ്യുമ്പോള്‍  ഇതുപോലെ വല്ലതും കുത്തിക്കുറിച്ചിടുകയല്ലാതെ മറ്റെന്തുവഴി. ആരും വായിക്കാനില്ലെങ്കിലും സ്വയം വായിച്ച് ആശ്വസിക്കയെങ്കിലും ചെയ്യാമല്ലോ. അങ്ങനെ കൈകൊണ്ടും നാവുകോണ്ടും പ്രകടിപ്പിക്കാനാവാതെ പോയ എതിപ്പുകള്‍  മനസ്സില്‍  കുഴിച്ചിട്ടവരുടെ കൂട്ടത്തിലെങ്കിലും പെടാന്‍  നോക്കാമല്ലോ.

Thursday, December 8, 2011

മനുഷ്യരുടെ സ്വാര്‍ത്ഥതയും അഹങ്കാരവും അണപൊട്ടുമ്പോള്‍

കൊച്ചിയില്‍ നടക്കുന്ന കലാപരിപടികള്‍  കാണുമ്പോള്‍...  സൗന്ദര്യമത്സരങ്ങള്‍, മഴനൃത്തങ്ങള്‍ കൂത്താട്ടങ്ങള്‍ ,വാടകക്കൊലകള്‍,എന്തിന് ഈയിടെ ഷാരൂഖ് ഖാന്‍ വന്നതിനോടനുബന്ധിച്ച് നടന്ന ആഭാസനൃത്തങ്ങള്‍  ,സമ്പന്നതയില്‍ മതിമറന്ന് അഹങ്കാരം  പൂണ്ട കൊച്ചിക്കാരുടെ അറ് മാന്തിക്കലുകളള്‍  ഇവയൊക്കെകാണുമ്പോള്‍‌ എന്താന്നിശ്ശല്ല്യ..എനിക്ക് സബ അ  ജനതയെ  ഓര്‍മ്മവരുന്നു.



മുല്ലപ്പെരിയാറിന്റെ സ്ഥിതി കേള്‍ക്കുമ്പോള്‍, മലയാളിയെയും  തമിഴനേയും   നയിക്കുന്നവര്‍, വിവേവകത്തോടെ ഒത്തൊരുമയോടെ, അവധാനപൂര്‍വം    ചര്‍ച്ച ചെയ്തു പരിഹരിക്കേണ്ട പ്രശ്നത്തിനുമേല്‍ കാട്ടിക്കൂട്ടുന്ന രാഷ്ട്രീയ മുതലെടുപ്പുകള്‍ കാണുമ്പോള്‍ സത്യമായിട്ടും എനിക്കു വല്ലാതെ പേടിയാകുന്നൂ.

Monday, October 24, 2011

സത്യപ്രതിജ്ഞ മട്ടും ഭാവവും








ഒരുപാട് പ്രതിജ്ഞകള്‍ ദിനം പ്രതി എടുത്തുകൊണ്ടിരിക്കുന്നവരാണ് നാം. അഴിമതിവിരുദ്ധ പ്രതിജ്ഞ, ഭീകരവിരുദ്ധ പ്രതിജ്ഞ,മദ്യവിരുദ്ധപ്രതിജ്ഞ,സ്ത്രീധന വിരുദ്ധ പ്രതിജ്ഞ, പതാകാദിനപ്രതിജ്ഞ ഇങ്ങനെ കാക്കത്തൊള്ളായിരം പ്രതിജ്ഞകള്‍. പത്തുപതിനനഞ്ച് വര്‍ഷത്തിന്നിങ്ങോട്ട് ഇത് ഒരു പാടു കൂടിയിട്ടും ഉണ്ട്. എല്ലാസര്‍ക്കാരുദ്യോഗസ്ഥന്മാരും വര്‍ഷത്തിലൊരിക്കല്‍ കൃത്യമായി അഴിമതിവിരുദ്ധ പ്രതിജ്ഞ എടുക്കാന്‍ തുടങ്ങിയശേഷം നമ്മുടെ നാട്ടില്‍ അഴിമതി വളരെ കുറഞ്ഞു എന്നത് സ്തിതിവിവരക്കണക്കുകളൊന്നും അവതരിപ്പിക്കാതെ തന്നെ തെളിയിക്കാന്‍ ഏതു കുട്ടിക്കും കഴിയും. അതുപോലെ എല്ലാ കൊല്ലം തികച്ചിലിന്നും ഭീകരതാവിരുദ്ധ പ്രതിജ്ഞ തുടങ്ങിവെച്ചതിന്റെ ശേഷം നമ്മുടെ രാജ്യത്തുമാത്രമല്ല ചുറ്റുപാടും ഭീകരത പ്റ്റെ കുറഞ്ഞു. മരുന്നിനു വല്ലതും കിട്ടണമെങ്കില്‍ ഇറാനിലോ സൗദീയിലോ മറ്റോ അന്വേഷിക്കേണ്ട ഗതിയാണിപ്പോള്‍. മദ്യവിരുദ്ധ പ്രതിജ്ഞകൃത്യമായി തുടങ്ങിയതിന്റെ ശേഷം എല്ലാ മദ്യശാലക്കാരും ഈച്ചയെ ആട്ടിയിരിക്കുന്നതുകണ്ടാല്‍ ആ പാവങ്ങളുടെ കുടുംബത്തെഓര്‍ത്ത് ചിലപ്പോള്‍ അല്പാല്പം മദ്യം ആകാം എന്ന് പ്രതിജ്ഞ എടുത്താലോ എന്ന് തോന്നിപ്പോകും.സ്ത്രീധനത്തിന്റെ കാര്യമാണെങ്കില്‍ പറയുകയും വേണ്ട.വേണമെങ്കില്‍ മെഹറ് എത്രപവന്‍ എന്ന് പറയാം സ്ത്രീ ദനത്തെക്കുറിച്ച്  ഇനിയൊരക്ഷരം മിണ്ടിപ്പോകരുത് എന്നാണ് മഹാന്മാര്‍ പറയുന്നത് . 
ഇപ്പോളിതാ എസ് ഐ ഓ പോലുള്ള സംഘടനകളും പ്രതിജ്ഞകള്‍ എടുത്തുതുടങ്ങിയിരിക്കുന്നു. വളരെ കൃത്യമായിത്തന്നെ അതിന്റെ ശര്‍ത്തുകള്‍ ഒന്നും തെററ്റിക്കാതെയാണ്  പ്രതിജ്ഞ എടുക്കുന്നത്. പ്രതിജ്ഞയെടുക്കുന്ന ആള്‍ എങ്ങനെ നില്കണം കൈ എങ്ങനെ പിടിക്കണം എന്നതിനെല്ലാമുണ്ട് വ്യക്തമായ  ആചാരങ്ങള്‍. കൈ എങ്ങനെ പിടിക്കണം എന്നത് വലിയകാര്യമാണ്.മുഷ്ടി ചുരുട്ടി കൈ നെഞ്ചിനുനേരെ ഉയര്ത്തിവേണം പിടിക്കാന്‍.  നമസ്കാരത്തില്‍ എവിടെ കയ്യുകെട്ടണം എന്നതില്‍ പോലും ശാഠ്യമില്ലാത്തവര്‍ ഇക്കര്യത്തില്‍ അതു ചിട്ടയായിത്തന്നെ പാലിച്ചുവരുന്നു. നടേപറഞ്ഞവരുടെ ആചാരങ്ങള്‍ അതേപടിതുടരുന്നതിനാല്‍ അവരുടേതില്‍ നിന്നും ഒട്ടും വ്യത്യസ്തമല്ല ഈ പ്രതിജ്ഞ എന്നും  അതുകോണ്ടു തന്നെ അവര്‍ക്കെല്ലാം  ഉണ്ടായ ഫലപ്രാപ്തി ഇതിന്നും ഉണ്ടാകുമെന്നും തീര്‍ച്ചയായും നമുക്കു പ്രതീക്ഷിക്കാം ആമേന്‍