Tuesday, March 3, 2020

മഴയുടെ സങ്കീർത്തനം

മഴയുടെ സങ്കീർത്തനം
*****************************
മയക്കത്തിൽ നിന്നുണർന്നപ്പോൾ മഴചാറിത്തുടങ്ങിയിരുന്നു. പതുക്കെ അത് കനത്തു. കുറേ നേരം മഴ കണ്ടാസ്വദിച്ച ശേഷം അകത്തുകയറി മഴയനുഭവം കുറിച്ചു വെച്ചു. പുറത്ത് മഴപെയ്തു കൊണ്ടിരിക്കുക തന്നെയായിരുന്നു എന്ന് ഞാനറിഞ്ഞില്ല.
പെയ്ത മഴയുണർത്തിയ  ആമോദത്തിലാ യിരുന്നു ഞാൻ. എട്ടുമണിയോടെ കറന്റു പോയി. ഞാൻ വീണ്ടും വരാന്തയിലേക്ക് പോന്നു. അപ്പോഴാണറിയുന്നത് മഴ തിമർത്ത് പെയ്യുകതന്നെയാണ്. ഇരുട്ടിൽ ഇടക്കിടെ തെളിയുന്ന മിന്നലും അതുയർത്തുന്ന ഇടി നാദവും വീശിയടിക്കുന്നകാറ്റും അനുഭവിച്ചാസ്വദിച്ചു കൊണ്ടൊരു പാടു നേരം ഞാൻ പുറത്തിരുന്നു. ഇരുളിൽ എനിക്കെന്റെ മരങ്ങളെ കാണാം. മണിക്കൂറുകൾക്ക് മുമ്പ് ഉണങ്ങി നശിച്ചു പോയേക്കുമോ എന്ന ഭയത്താൽ ഞാൻ മഴക്കായി പ്രാർത്ഥിച്ച എന്റെ മരങ്ങൾ..നിശ്ശബ്ദം അവ തങ്ങളുടെ നാഥനെ പ്രകീർത്തിക്കുന്ന സങ്കീർത്തനങ്ങളെനിക്കു കേൾക്കാം. നാം പൊട്ടിച്ചു തകർക്കുന്ന പാറകളും ഇടിച്ചു നിരത്തുന്ന മലകളും മണൽ കോരി ഒഴിവാക്കുന്ന നദികളും തങ്ങളുടെ നാഥനെ അവയുടെ ഭാഷയിൽ പ്രകീർത്തിക്കുന്നുണ്ട്.
നിങ്ങൾ കേട്ടിട്ടുണ്ടോ പ്രകൃതിയുടെ സങ്കീർത്തനങ്ങൾ ?.  പക്ഷിമൃഗാദികളിലൂടെ വൃക്ഷ ലതാദികളിലൂടെ പ്രകൃതി ഉയർത്തുന്ന സങ്കീർത്തനങ്ങൾ. ഇല്ലെങ്കിൽ പ്രകൃതിയെ നിങ്ങൾ സ്നേഹിച്ചു തുടങ്ങുക. അതിനോട് സല്ലപിക്കുക. പതുക്കെ അവയുടെ ഭാഷ നിങ്ങൾക്ക് വശമാകും... വശമായിക്കഴിഞ്ഞാൽ  അവയുടെ സങ്കീർത്തനങ്ങളും നിങ്ങൾക്ക് കേൾക്കുമാറാകും.....
പ്രപഞ്ചത്തിന്റെ നിലനില്പിന്നാധാരമായ പ്രകൃതിയുടെ സംഗീതം. മനുഷ്യൻ പാടേ മറന്നു പോയ മൗനസംഗീതം. ഒരുനാൾ മനുഷ്യന്റെ ദുരകൊണ്ടത് നിലക്കും. അന്ന് പ്രപഞ്ചം നിശ്ചലമാവുകയും ചെയ്യും...

വേനൽ മഴ    
***************
അസർ നമസ്കാരം കഴിഞ്ഞ ശേഷം അയാൾ പുറത്തെ വരാന്തയിലെത്തി. അവിടെയിട്ട കശേരയിൽ കാൽ രണ്ടും അരത്തിണ്ണയിലേക്ക് കയറ്റി വെച്ച് പിറകോട്ട് ചാഞ്ഞിരുന്നുകൊണ്ട് പുറത്തേക്ക് നോക്കി. ഗ്രാമം തപിച്ചുരുകു കയാണ്.കത്തി നിൽകുന്ന ആകാശം. കാറ്റ് പേരിനു പോലുമില്ല. സിമന്റു കട്ടകളൊന്നും പതിച്ച് ചേലാക്കിയിട്ടില്ലെങ്കിലും മിറ്റത്തുനിന്നും ചൂട് കുമു കുമാ വരാന്തയിലേക്ക് അടിച്ച് കയറുന്നു.എന്നിട്ടും അയാൾക്ക് അകത്തുകയറാൻ തോന്നിയില്ല. നിരന്തരമായ പ്രകൃതിചൂഷണത്തിന്റെ ശിക്ഷ മനുഷ്യൻ അനുഭവിച്ചു തുടങ്ങിയിരിക്കുന്നു എന്നോർത്തുകൊണ്ട് അവിടെത്തന്നെ കിടന്നു. താൻ ജീവനെപ്പോലെ കരുതി നട്ടു വളർത്തുന്ന മരങ്ങൾ വാടിത്തുടങ്ങി. മൂന്നുവർഷം മുമ്പ് മാത്രം നട്ട തന്റെ നെല്ലിമരം ഇല മുഴുവൻ പൊഴിച്ചു കളഞ്ഞിരിക്കുന്നു. വാടി നിൽകുന്ന മരങ്ങൾ അയാളെ ഖിന്നനാക്കി. കൂടാതെ കുടിവെള്ളം മുട്ടിപ്പോകുമോ എന്ന ഭയവും. കുടിക്കാൻ തന്നെ വെള്ളം തികയാത്തേടത്ത് എങ്ങനെ മരങ്ങൾ നനച്ച് പിടിപ്പിക്കും. പുറത്ത് ഓങ്ങല്ലൂരിലേക്കും കാരക്കാട്ടേക്കും പാഞ്ഞുകൊണ്ടിരിക്കുന്ന വാഹനങ്ങളുടെ നിര. ദിവസം രണ്ടു തവണ കിഴക്കോട്ടും പടിഞ്ഞാറോട്ടും പോകാറുളള ഇട്ടേകോടന്റെ ആട്ടിൻ കൂട്ടം ഇന്നത്തെ മേച്ചിൽ കഴിഞ്ഞ് പടിഞ്ഞാട്ട് മടങ്ങിപ്പോകുന്നു. പലേടങ്ങളിലും വേനൽ മഴ കിട്ടിയതായി കേട്ടിരുന്നു.പ്രതീക്ഷയോടെ  അയാൾ മാനത്തേക്ക് കണ്ണയച്ചു. അടുത്തൊന്നും ഇങ്ങോട്ട് അലോട്ട്മെന്റുളള ലക്ഷണമില്ല. ഈ സ്ഥിതി കുറേ ദിവസങ്ങൾ കൂടി തുടർന്നാലത്തെ കാര്യം ഓർത്തപ്പോൾ അയാളുടെ മനസ്സ് പ്രാർത്ഥനാ നിർഭരമായി.  വന്ധ്യ മേഘങ്ങൾപോലും ചുരത്താൻ കഴിവുളള നാഥാ ഒരു കുളിർ മാരിതന്ന് നീ ഞങ്ങളെ അനുഗ്രഹിക്കണേ... ഞാങ്ങൾ പാപികളെങ്കിലും നിന്റെ മരങ്ങളേയും പക്ഷിമൃഗാദികളേയും നിഷ്കളങ്കരായ മനുഷ്യ മക്കളേയും ഓർത്തെങ്കിലും......
ദൂരെയെങ്ങോ കരയുന്നു കാക്കകളുടേയും ഒരു കുയിലിന്റേയും ശബ്ദമാസ്വദിച്ചു കൊണ്ടിരിക്കേ അയാളുടെ കണ്ണുകളിലേക്ക് നിദ്ര ചേക്കേറി. പ്രാർത്ഥനയുടെ പൂർത്തീകരണം പോലെ കിഴക്കൻ ചക്രവാളത്തിലൊരു മേഘക്കിറ് പ്രത്യക്ഷപ്പെട്ടതും അതുമെല്ലെ വാനം മൂടിയതും അയാൾ കണ്ടില്ല. കളകളാരവം പൊഴിച്ചൊഴുകുന്ന ഒരു കാട്ടാറിന്റെ കരയിൽ നിൽകുന്ന തന്റെ പാദങ്ങളിലേക്ക് ആരോ ഒരു കൈകുടന്ന വെളളം കോരിക്കുടഞ്ഞ സ്വപ്നം അയാളെ ഉണർത്തി.
നോക്കിയപ്പോൾ അൽ ഹംദുലില്ലാ....
മഴ പെയ്തു കൊണ്ടിരിക്കുന്നു... മിന്നൽ  ഇടി വലിയകാറ്റ് പോലുളള പൊങ്ങച്ചങ്ങളേതു മില്ലാതെ..... അല്ലാഹുവിന്റെ അനുഗ്രഹം പെയ്തിറങ്ങുകയാണ്....

No comments:

Post a Comment